കോഴിക്കോട്: പെട്ടെന്ന് മരുന്നടിച്ചു മയങ്ങാമെന്നു കരുതി ഇനി മെഡിക്കല്‍ സ്റ്റോറുകളിലേക്ക് പായേണ്ട. ഉയര്‍ന്ന അളവില്‍ ഈഥൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയ, ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്കും വായുകോപത്തിനുമുള്ള കഫ് സിറപ്പുകള്‍ ലഭിക്കണമെങ്കില്‍ അംഗീകൃത ഡോക്ടറുടെ കുറിപ്പടി വേണം. വില്പന രേഖകള്‍ ഫാര്‍മസികള്‍ സൂക്ഷിക്കുകയും വേണം.
ലഹരി അടങ്ങിയ മരുന്നുകളുടെ ദുരുപയോഗം വര്‍ധിച്ചുവരുന്നുവെന്ന സംസ്ഥാനങ്ങളുടെ മുന്നിയിപ്പിനെ തുടര്‍ന്നാണ് മരുന്നു നിര്‍മാണം, വില്പന എന്നിവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം കടുപ്പിച്ചത്. ഈഥൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയ ഔഷധങ്ങളുടെ ലൈസന്‍സിംഗ് നിബന്ധനകളില്‍ നല്‍കിയിരുന്ന ഇളവ് പൂര്‍ണമായും എടുത്തുമാറ്റുകയും ചെയ്തു.
ഏലയ്ക്ക, ഇഞ്ചി എന്നിവയുടെ സത്തുകള്‍ ഉള്‍പ്പെടുന്ന ചില ഔഷധങ്ങള്‍ക്കും മറ്റു സുഗന്ധദ്രവ്യ കൂട്ടുകള്‍ക്കും 1945ലെ ഡ്രഗ്സ് ചട്ടങ്ങളിലെ ഷെഡ്യൂള്‍ കെ പ്രകാരം നേരത്തെ ലൈസന്‍സ് നേടുന്നതില്‍ ഇളവ് അനുവദിച്ചിരുന്നു.
ഇത് മുതലെടുത്ത് ചില ഔഷധക്കൂട്ടുകളില്‍ 80 മുതല്‍ 90 ശതമാനം വരെ ഈഥൈല്‍ ആല്‍ക്കഹോള്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഉദര സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള സിറപ്പുകളും മറ്റു മരുന്നുകളും നിര്മിക്കുന്നതേറെയും ഇഞ്ചി, ഏലയ്ക്കാ സത്തുകള്‍ ഉപയോഗിച്ചാണ്.
12 ശതമാനത്തില്‍ കൂടുതല്‍ ഈഥൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയതും 30 മില്ലി ലിറ്ററില്‍ കൂടുതല്‍ അളവിലുള്ളതുമായ എല്ലാ ഔഷധക്കൂട്ടുകള്‍ക്കും ഇനി മുതല്‍ ഇളവുകള്‍ ലഭിക്കില്ല. ഇത്തരം ഉത്പന്നങ്ങളുടെ നിര്‍മാണത്തിനും വിപണനത്തിനും 1940ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരമുള്ള ലൈസന്‍സുകള്‍ നിര്‍ബന്ധമായും നേടിയിരിക്കണം.
ഈ ഭേദഗതിയോടെ ഇത്തരം ഉത്പന്നങ്ങളെ 1945ലെ ഡ്രഗ്സ് ചട്ടങ്ങളുടെ ഷെഡ്യൂള്‍ എച്ച് വണ്ണിലേക്ക് മാറ്റി. സസ്യങ്ങളില്‍ നിന്നുള്ള സത്തുക്കള്‍ കേടുകൂടാതെ വേര്‍തിരിച്ചെടുക്കാനും അവ ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കാനുമാണ് ഔഷധ നിര്‍മാണത്തില്‍ ഈഥൈല്‍ ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നത്.